സാഗര്‍ ഏലിയാസില്‍ ലാലിന്റെ മകനും

സാഗര്‍ ഏലിയാസില്‍ ലാലിന്റെ മകനും - Big Malayalamഅമല്‍-ലാല്‍ ടീമിന്റെ സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവും അഭിനയിക്കുന്നു.

ഇതോടെ മുതിര്‍ന്നതിന് ശേഷം പ്രണവ്‌ അഭിനയിക്കുന്ന ആദ്യചിത്രമെന്ന പ്രത്യേകത കൂടി 'സാഗര്‍ ഏലിയാസ്‌ ജാക്കി'യ്‌ക്കുണ്ടാകും. ഇതിന്‌ മുമ്പ്‌ ലാലിന്റെ തന്നെ 'ഒന്നാമനി'ല്‍ പ്രണവ്‌ ബാലതാരമായി അഭിനയിച്ചിരുന്നു.

പുതിയ ചിത്രത്തില്‍ ലാലിന്റെ മകനായി തന്നെയാണ്‌ പ്രണവ്‌ വേഷമിടുന്നത്‌. മോഹന്‍ലാലും പ്രണവും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ കഴിഞ്ഞ ദിവസം ദുബയില്‍ വെച്ച്‌ സംവിധായകന്‍ അമല്‍ നീരദ്‌ ചിത്രീകരിച്ചു.

ദുബായ്‌ നഗരവീഥിയില്‍ പിതാവും മകനും അവിചാരിതമായി കണ്ടുമുട്ടുന്ന രംഗങ്ങളായിരുന്നു ചിത്രീകരിച്ചത്‌. മകന്റെ അഭിനയം ഏറെ ആകാംക്ഷയോടെയാണ്‌ മോഹന്‍ലാല്‍ വീക്ഷിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

രണ്ടാമത്തെ ടേക്കില്‍ തന്നെ സീന്‍ ഓകെയായതിന്റെ സന്തോഷം നാല്‌പത്തിയൊമ്പതുകാരനായ പിതാവിന്റെ മുഖത്തുണ്ടായിരുന്നുവെന്നും ഷൂട്ടിംഗ്‌ കണ്ടവര്‍ പറയുന്നു. മൂന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറിയ മോഹന്‍ലാലിന്റെ അതേ രൂപഭാവങ്ങളാണ്‌ പ്രണവിന്‌ ഈ ചിത്രത്തിലുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

ഊട്ടിയിലെ ബോര്‍ഡിംഗ്‌ സ്‌കൂളില്‍ പ്ലസ്‌ ടു വിദ്യാര്‍ത്ഥിയായ പ്രണവ്‌ സമീപ ഭാവിയില്‍ തന്നെ നായകനായി വെള്ളിത്തിരയില്‍ അവതരിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.