സത്യന്‍ സിനിമ തുടങ്ങുന്നു

സത്യന്‍ സിനിമ തുടങ്ങുന്നു - Big Malayalamസത്യന്‍ അന്തിക്കാട് തന്‍റെ പുതിയ ചിത്രം ആരംഭിക്കുകയാണ്. ജയറാം നായകനാകുന്ന ചിത്രത്തില്‍ തമിഴ് താരം കനിഹയാണ് നായിക. കുട്ടനാടന്‍ പശ്ചാത്തലത്തിലാണ് സത്യന്‍ ഇത്തവണ കഥ പറയുന്നത്.

കലാസംഘത്തിന്‍റെ ബാനറില്‍ എം എം ഹംസ നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം അവസാനത്തോടെയാണ് ചിത്രീകരണം തുടങ്ങുന്നത്. സത്യന്‍ അന്തിക്കാട് തന്നെയാണ് തിരക്കഥ രചിക്കുന്നത്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രത്തിന്‍റെ പേര് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

സത്യന്‍റെ സ്ഥിരം തട്ടകമായ ‘സാധാരണക്കാരന്‍റെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍’ തന്നെയാണ് പുതിയചിത്രത്തിനും വിഷയമാകുന്നത്. സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം അഭിനേതാക്കളായ കെ പി എ സി ലളിത, മാമുക്കോയ, ഇന്നസെന്‍റ്‌ എന്നിവര്‍ പുതിയ ചിത്രത്തിലും ഉണ്ടാകും. നെടുമുടി വേണുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മനസ്സിനക്കരെ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സത്യനും ജയറാമും ഒന്നിക്കുകയാണ്. കനിഹയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്. ‘എന്നിട്ടും’ എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാളത്തില്‍ ആദ്യം എത്തിയത്. ഹരിഹരന്‍റെ പഴശ്ശിരാജയിലെ നായികയും കനിഹയാണ്.

More pages