ദിലീപ് ചിത്രം ‘ഹാരിപോട്ടര്‍’

ദിലീപ് ചിത്രം ‘ഹാരിപോട്ടര്‍’ - Big Malayalamദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന് ‘ഹാരിപോട്ടര്‍’ എന്ന് പേരിട്ടു. ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ബെന്നി പി നായരമ്പലം തിരക്കഥ രചിക്കും. വൈശാഖ് മൂവീസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കല്യാണരാമന് ശേഷം ഷാഫിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. കല്യാണരാമനും ബെന്നി തന്നെയായിരുന്നു തിരക്കഥ രചിച്ചത്. ആ സിനിമയുണര്‍ത്തിയ ചിരി മലയാളികള്‍ ഇതുവരെ മറന്നിട്ടില്ല. കല്യാണരാമന് മേലെ നില്‍ക്കുന്ന ഒരു കോമഡിച്ചിത്രമായിരിക്കും ഷാഫിയും ദിലീപും വീണ്ടും ഒന്നിക്കുമ്പോള്‍ സംഭവിക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

വിജയങ്ങള്‍ മാത്രം സൃഷ്ടിച്ചിരുന്ന ഷാഫിയുടെ കഴിഞ്ഞ ചിത്രമായ ലോലിപോപ്പ് ബോക്സോഫീസില്‍ വേണ്ടത്ര ചലനമുണ്ടാക്കിയില്ല. ആ ചിത്രത്തിന്‍റെ കുഴപ്പങ്ങളെല്ലാം പരിഹരിച്ച് പുതിയ ചിത്രങ്ങള്‍ ഒരുക്കാനാണ് ഷാഫി ശ്രമിക്കുന്നത്. ഷാഫി ഉടന്‍ സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിക്കു വേണ്ടിയാണ്. മല്ലനും മാതേവനും എന്നാണ് ആ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അതിന് ശേഷം ഹാരിപോട്ടര്‍ ആരംഭിക്കും.

രാജ്‌ബാബു സംവിധാനം ചെയ്യുന്ന സ്പൈഡര്‍മാന്‍ എന്ന സിനിമയ്ക്കും ദിലീപ് സമ്മതം മൂളിയിട്ടുണ്ട്.