ജയറാം വീണ്ടും ഡബിള്‍ റോളില്‍

ജയറാം വീണ്ടും ഡബിള്‍ റോളില്‍ - Big Malayalamഅഭിനയ രംഗത്തേക്ക് ജയറാം ചുവടു വച്ചതേ ഡബിള്‍ റോളിലൂടെയാണ്. പത്മരാജന്‍റെ അപരന്‍ എന്ന ചിത്രത്തിലെ ആ ഇരട്ടക്കഥാപാത്രങ്ങള്‍ മലയാളികള്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്നവയാണ്. അടുത്തകാലത്ത് മയിലാട്ടം എന്ന ചിത്രത്തിലും ജയറാം ഇരട്ടവേഷങ്ങള്‍ ചെയ്തു. ഹരിദാസ് സംവിധാനം ചെയ്ത മാജിക് ലാം‌പ് എന്ന ചിത്രത്തില്‍ ജയറാം നാലു വേഷങ്ങളിലും അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും ജയറാം ഡബിള്‍ റോളില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നര്‍മ്മവും കുറ്റാന്വേഷണവും ഇടകലര്‍ത്തിയൊരു ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. എന്തായാലും പതിവ് കെ മധു - എസ് എന്‍ സ്വാമി കൂട്ടുകെട്ടിന്‍റേതായി വരുന്ന ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഈ സിനിമ.

ജയറാമിനെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. മുന്‍‌പ് ‘രണ്ടാം വരവ്’ എന്ന ജയറാം ചിത്രം മധു ചെയ്തെങ്കിലും അത് പരാജയമായിരുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഇത് മൂന്നാം തവണയാണ് ജയറാം അഭിനയിക്കുന്നത്. ചാഞ്ചാട്ടം, ധ്രുവം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

മേയ് മാസത്തിന് ശേഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മേയ് ഒന്നിനാണ് സത്യന്‍ അന്തിക്കാടിന്‍റെ ജയറാം ചിത്രം റിലീസ് ചെയ്യുന്നത്.