ആന്‍റണി പുന്നക്കാടന്‍ വീണ്ടും!

ആന്‍റണി പുന്നക്കാടന്‍ വീണ്ടും! - Big Malayalamട്വന്‍റി20 ടീമിന്‍റെ ക്യാപ്‌ടന്‍ ആരാണ്. മഹേന്ദ്ര സിംഗ് ധോണി എന്നാണ് നാവില്‍ വന്നത് അല്ലേ? ചോദിച്ചത് അതേക്കുറിച്ചല്ല. കഴിഞ്ഞ വര്‍ഷം റിലീസായ ട്വന്‍റി20 എന്ന സിനിമയില്‍ ക്യാപ്ടന്‍ സ്ഥാനം ആര്‍ക്കാണ് എന്നാണ്. ജോഷി, ദിലീപ് അങ്ങനെയൊക്കെ ഉത്തരം നല്‍കാം. എന്നാല്‍ താരങ്ങളില്‍ ആരാണ് ക്യാപ്ടന്‍ സ്ഥാനത്ത് നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. സാക്ഷാല്‍ സുരേഷ്ഗോപി. അദ്ദേഹം അവതരിപ്പിച്ച ആന്‍റണി പുന്നക്കാടന്‍ എന്ന കഥാപാത്രമായിരുന്നു ആ ചിത്രത്തിന്‍റെ മുന്നോട്ടുള്ള ഗതിയെ നിര്‍ണ്ണയിച്ചത്.

മലയാള സിനിമാ ലോകത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രസകരമായ ഒരു ചര്‍ച്ച പുരോഗമിക്കുകയാണ്. ഈ ആന്‍റണി പുന്നക്കാടന്‍ എന്ന കഥാപാത്രത്തെ വീണ്ടും ഒന്നു പൊടിതട്ടിയെടുത്താലോ എന്നാണ് ആലോചന. ഈ ഐ പി എസ് ഉദ്യോഗസ്ഥനായി സുരേഷ്ഗോപിക്ക് വീണ്ടും കസറാനൊരു അവസരം. അതെ, അത് സത്യമാകുകയാണ്.

സുരേഷ്ഗോപിയുടെ ആന്‍റണി പുന്നക്കാടന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു ചിത്രം ഒരുങ്ങുന്നു. സിബി കെ തോമസും ഉദയകൃഷ്ണയും തന്നെ തിരക്കഥയെഴുതും. ആരായിരിക്കും സംവിധാനം എന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും ജോഷിക്ക് തന്നെയാണ് സാധ്യത.

സുരേഷിന്‍റെ ഈ അച്ചായന്‍ പൊലീസ് വേഷം പ്രേക്ഷകരെ അത്ര കണ്ട് ആകര്‍ഷിച്ചിരുന്നു. പൊലീസ് യൂണിഫോമിലെ ഷര്‍ട്ടുമിട്ട് ലുങ്കിയും മടക്കിക്കുത്തിയുള്ള ആ ഇന്‍ഡ്രൊഡക്ഷന്‍ രംഗം തന്നെ കലക്കി. എന്തായാലും ഭരത്ചന്ദ്രന്‍ ഐ പി എസ് പോലെ ആന്‍റണി പുന്നക്കാടന്‍ ഐ പി എസും ഉടന്‍ തന്നെ സംഭവിക്കുമെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നും അറിയുന്നത്.